കോട്ടയം ജില്ലയിലെ അതിമനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇല്ലിക്കൽ കല്ല്. കോടമഞ്ഞും പച്ചപ്പ് നിറഞ്ഞ മലനിരകളും നിറഞ്ഞ ഈ പ്രദേശത്തിന് അതിലും സുന്ദരമായ ഒരു പിറകുഭാഗം ഉണ്ടെന്നത് പല സഞ്ചാരികൾക്കും അറിവുണ്ടാവില്ല. ഈരാറ്റുപേട്ട വാഗമൺ റോഡിൽ തലനാട് നിന്നും കുറച്ചു ദൂരം വലത്തേക്ക് സഞ്ചരിച്ചാൽ നമ്മുക്ക് ഇല്ലിക്കൽ കല്ലിന്റെ പുറകുഭാഗത്തു എത്താവുന്നതാണ്. പ്രധാനമന്ത്രി ഗ്രാമീൺയോജന പദ്ധതി വഴി 3 കോടി മുതൽ മുടക്കിൽ നിർമ്മിച്ച മനോഹരമായ പാത ഇവിടെയാണ് അവസാനിക്കുന്നത്. ഇവിടെ വരെ മാത്രമാണ് വാഹനങ്ങൾക്ക് എത്തിച്ചേരാവുന്നത്. ഇവിടെ അത്യാവശ്യം വെള്ളത്തിനും ഭക്ഷണത്തിനുമായി കടകൾ പ്രവർത്തിക്കുന്നുണ്ട്.

പാത അവസാനിക്കുന്നിടത്തുനിന്നും ആരംഭിക്കുന്ന മലകയറ്റം നമുക്ക് മുൻപേ എത്തിയ സഞ്ചാരികൾ തെളിച്ചിട്ട ഒറ്റയടി പാതകളിലൂടെ സഞ്ചരിച്ചു നമ്മെ എത്തിക്കുന്നത് ഇല്ലിക്കൽക്കല്ലിനും മുകളിലായുള്ള കോടമഞ്ഞു പുതച്ച അതിമനോഹരമായ മലമുകളിലാണ്. ഇതിനിടക്ക് ഒരുപക്ഷെ വഴിതെറ്റാൻ സാധ്യതയുള്ള പാതകളും ഉണ്ട്. കൃത്യമായ പാതയിൽ സഞ്ചരിച്ചു നമുക്ക് എത്താവുന്നത് മുകളിലായി ഇരുമ്പിൽ തീർത്ത സെൻറ് മേരീസ് ചർച്ചിന്റെ ഒരു കുരിശു കാണുന്നിടത്താണ്. പ്രഭാതങ്ങളെയും വൈകുന്നേരങ്ങളെയും കോടായാലും കാറ്റിനാലും സ്വർഗ്ഗതുല്യമാക്കുന്നയിവിടം വെയിൽ കൂടിയ ഉച്ചസമയങ്ങളെ ഒരുപക്ഷെ ഗാഗുൽത്താമലയെ ഓർമ്മിപ്പിച്ചേക്കാം. ചുറ്റും മലനിരകൾ നിറഞ്ഞു നിൽക്കുന്ന ഇവിടെ നിന്നാൽ ഇല്ലിക്കൽ കല്ലിന്റെ പുറകുഭാഗം വ്യക്തമായി കാണാവുന്നതാണ്.

പ്രധാനപ്പെട്ട കാര്യങ്ങൾ.

പ്രവേശന ഫീസ് : പ്രവേശന ഫീസ് ഇല്ല.

പാർക്കിങ് ഫീസ് : പാർക്കിങ് ഫീസ് ഇല്ല.

സമയക്രമം : സമയക്രമം ഇല്ല.

Illikkal kallu backside kottayam Kerala India peak