Publish Date : May 1, 2025
നേരം ഇരുണ്ടു കാഴ്ചകളുടെ ഭംഗി അവസാനിച്ചു. ഇനിയുള്ളത് വണ്ടിയുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ മാത്രം ഒതുങ്ങുന്ന കാഴ്ചകളാണ്. തണുത്ത അന്തരീക്ഷവും ഏലത്തിന്റെ ഉൾപ്പടെയുള്ള ചില സുഗന്ധങ്ങളും എന്റെ മുന്പോട്ടുള്ള യാത്രയുടെ ആസ്വാദനത്തിന് കുറവുണ്ടാക്കാതെ നോക്കി...
ഇന്ത്യയെ അറിയാം എന്ന യാത്രയുടെ ഭാഗമായി ഈ വർഷം ഞങ്ങളുടെ നടക്കാനിരിക്കുന്ന നോർത്ത്-ഈസ്റ്റ് ബൈക്ക് യാത്രയുടെ അവസാനവട്ട ചർച്ചകൾക്കായാണ് കൊളുക്കുമലയിൽ കൂടാം എന്ന് തീരുമാനിച്ചത്. ഞങ്ങൾ എന്നാൽ ഞാനും , അബുവും , ജെംസനും , ടോണിയും പിന്നെ റിച്ചാസും. അതിനായി ഒരു താമസം സെറ്റ് ചെയ്യാനായി കുറച്ചു ദിവസത്തെ തിരച്ചിലിനൊടുവിൽ ആണ് ഞാൻ സൂര്യനെല്ലിയിലെ മൂന്നാർ വില്ല എന്ന റിസോർട്ട് കണ്ടെത്തുന്നത്. തേയില തോട്ടത്തിന് നടുവിലുള്ള ഈ റിസോർട്ടിലെ 2 മുറിയോട് കൂടിയ ഒരു വുഡൻ കോട്ടജ് 8000 രൂപക്ക് അഡ്വാൻസ് അയച്ചുകൊടുത്തു തലേന്ന് തന്നെ ഉറപ്പിച്ചു. കൊളുക്കുമലയിലെ സൂര്യോദയം കാണുവാൻ പോകുവാനായി ഒരു ജീപ്പും അവരോട് പറഞ്ഞു ഏൽപ്പിച്ചു. പിറ്റേന്ന് ഉച്ചക്ക് ശേഷം പുറപ്പെടുവാൻ ആണ് തീരുമാനിച്ചത് അതിനാൽ തന്നെ രാത്രി 9 മണി ആകുമ്പോളെ എത്തുകയുള്ളൂ എന്ന് റിസോർട്ട്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
അങ്ങനെ പിറ്റേന്ന് കൊളുക്കുമല യാത്രയുടെ ദിവസമെത്തി (22 ഏപ്രിൽ 2025). റിച്ചാസ് പതിവ് പോലെ യാത്രയിൽ നിന്ന് പിന്മാറി, പകരം സൈലേഷ് ഞങ്ങൾക്കൊപ്പം കൂടി. എനിക്ക് ജോലി സംബന്ധമായ കാര്യങ്ങൾക്ക് വൈകുന്നേരം 3 മണി മുതൽ ഒരു മണിക്കൂർ എവിടെയെങ്കിലും നിൽക്കണം എന്ന് ഉള്ളത് കൊണ്ട് ഞാൻ ഒരു മണിക്കൂർ നേരത്തെ പുറപ്പെടും എന്ന് എല്ലാവരോടും പറഞ്ഞിരുന്നു. ഉച്ചക്ക് ഭക്ഷണത്തിന് ശേഷം ഒന്നര മണി ആയപ്പോൾ എന്റെ x pulse ബൈക്കിൽ പുറകിൽ ബാഗും കെട്ടി വച്ച് റൈഡിങ് ഗിയർകളും ധരിച്ചു ഞാൻ മുണ്ടക്കയം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. മുണ്ടക്കയത്ത് എത്തി 3 മണി മുതൽ എവിടെയെങ്കിലും ഇരുന്ന് എന്റെ ജോലി തീർക്കുമ്പോളേക്കും മറ്റുള്ളവരും മുണ്ടക്കയത്ത് എത്തി ബാക്കി യാത്ര ഒരുമിച്ചു തുടരാം എന്നാണ് കരുതിയിരുന്നത്. ഉച്ച കഴിഞ്ഞു 2:45 ആയപ്പൊളേക്കും ഞാൻ മുണ്ടക്കയം ടൗണിൽ എത്തി അവിടെ നിന്നും ഒരു കുപ്പി വെള്ളവും വാങ്ങി. ഇരിക്കുവാനായി ഒരു ഒഴിഞ്ഞ സ്ഥലം തപ്പി വഴിയരികിലെ ഒരു ഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള തട്ടുകടയിൽ സ്ഥാനമുറപ്പിച്ചു.
കുറച്ചു നേരം കഴിഞ്ഞപ്പോളേക്കും ആകാശം ഇരുണ്ടു മൂടിയിരുന്നു, ഞാൻ ബാഗിൽ നിന്നും റെയിൻ കോട്ടും പാന്റും പുറത്തെടുത്തു വച്ചു. എന്റെ ജോലിക്ക് ശേഷവും ആരെയും കാണാഞ്ഞതിനാൽ 4 മണി ആയപ്പോൾ കൂടെയുള്ളവരെ വിളിച്ചു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു എല്ലാവരും കറുകച്ചാൽ ആകുന്നതേ ഉള്ളൂ… പതിവ് പോലെ അബു തന്നെ വില്ലൻ. ആൾക്കാരെ പോസ്റ്റ് ആക്കാൻ അബു കഴിഞ്ഞേ ഉള്ളൂ… ഏതായാലും അൻപതോളം കിലോമീറ്റർ അകലെ ഉള്ള അവരെ ഇനിയും കാത്തുനിൽക്കാൻ ഉള്ള ക്ഷമ എനിക്ക് ഇല്ലായിരുന്നു. ആകാശം മഴമേഘങ്ങളാൽ ഇരുണ്ടുമൂടി രാത്രി ആയതുപോലെയായി. ഏത് നിമിഷവും ഒരു മഴ പ്രതീക്ഷിച്ചു കൊണ്ട് ഞാൻ യാത്ര തുടർന്നു. നേരെ കട്ടപ്പന ലക്ഷ്യമാക്കിയാണ് യാത്ര. അതിനു ശേഷമുള്ള വഴി കൃത്യമായി എനിക്ക് അറിയില്ല. കട്ടപ്പനയിൽ എത്തി ബാക്കി നമ്മുടെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വേണം യാത്ര തുടരാൻ. കുറച്ചു സമയത്തിന് ശേഷം മലമ്പാതകൾ കയറിത്തുടങ്ങി. ഇരുണ്ടുമൂടിയ ആകാശത്തോടൊപ്പം അന്തിരീക്ഷത്തിലും ചെറിയ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. മഴക്കാലത്ത് കുത്തിയൊഴുകുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ഇപ്പോൾ വറ്റി വരണ്ടിരിക്കുന്നു. വെള്ളച്ചാട്ടമാണ് എന്ന് ഓർമ്മിപ്പിക്കാനെന്നവണ്ണം നൂലുപോലെ ഒരല്പം വെള്ളമൊഴുകുന്നുണ്ട്. എങ്കിലും അതിനു മുൻപിലും രണ്ടുമൂന്ന്പേർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.
കാഴ്ചകൾ കണ്ടുകൊണ്ട് യാത്ര തുടർന്നു ഒടുവിൽ കുട്ടിക്കാനം എത്തി. പഴയ ഏതൊക്കെയോ ഓർമ്മകൾ മിന്നി മറഞ്ഞു പോകുന്നുണ്ടായിരുന്നു. എന്റെ പഴയകാല യാത്രകളുടെ ഒരു ഇടത്താവളം ആയിരുന്നു ഇവിടം. ഇന്ന് ടോണിയും കൂട്ടുകാരുടെയും ചായകുടി സ്പോട്ടും ഈ കുട്ടിക്കാനമാണ്. അതിരാവിലെ ചങ്ങനാശ്ശേരിയിൽ നിന്നും കുട്ടിക്കാനത്തെത്തി പ്രഭാതകാഴ്ചകളും ആസ്വദിക്കുന്നതും കോട നിറഞ്ഞ തണുത്ത പ്രഭാതത്തിൽ ചൂട് ചായ കുടിക്കുന്നതുമൊക്കെ ഇന്നും ടോണിയുടെ ഇഷ്ടവിനോദങ്ങളിൽ ഒന്നാണ്.
ടൗണിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു കട്ടപ്പന ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇനി തേയില തോട്ടങ്ങളുടെ കാഴ്ചകളാണ്. ഇതുവരെ ഉള്ള യാത്രയിൽ പെയ്യാൻ വെമ്പി നിന്നിരുന്ന മഴ കുട്ടിക്കാനത്തിനപ്പുറം പെയ്യ്തൊഴിഞ്ഞ സ്ഥിതിയിലായിരുന്നു. മഴയ്ക്ക് ശേഷമുള്ള കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള ബൈക്ക് യാത്ര എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. മഴയിൽ നനഞ്ഞ് ഇരുണ്ട കറുപ്പ് നിറത്തിലുള്ള റോഡും, ഇരുവശങ്ങളിലായി തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ കുന്നുകളും. അകലെയായി മൂടി നിൽക്കുന്ന കോടമഞ്ഞും തണുത്ത കാറ്റുമൊക്കെക്കൂടി ബൈക്ക് യാത്രയെ സ്വർഗീയമാക്കി മാറ്റി.
കാഴ്ചകൾ ആസ്വദിച്ചു ഏലപ്പാറയും കാഞ്ചിയാറുമൊക്കെ കടന്ന് കട്ടപ്പനയിൽ എത്തി. ഇനിയുള്ള വഴിയാണ് പ്രശ്നം. ഇനി മാപ്പിന്റെ സഹായമില്ലാതെ മുൻപോട്ട് പോകുവാനാകില്ല. കട്ടപ്പനയിലെ ഒരു ബേക്കറിയിൽ വണ്ടി സൈഡാക്കി. ഇനി ഒരു നാരങ്ങാവെള്ളം കുടിച്ചിട്ടാകാം യാത്ര എന്ന് തീരുമാനിച്ചു. ബേക്കറിയിൽ ഇരുന്ന് വെള്ളം കുടിച്ചുകൊണ്ട് തന്നെ ഇരട്ടയാർ – നെടുങ്കണ്ടം – പൂപ്പാറ വഴി സൂര്യനെല്ലിക്കുള്ള മാപ്പ് സെറ്റ് ചെയ്തു. ഇവിടെ മഴമേഘങ്ങൾ ഒന്നുമില്ലെങ്കിലും നേരം ഇരുണ്ടുതുടങ്ങി. കൂടെയുള്ളവർ ഇപ്പോളും ഒരുപാട് പുറകിലാണ്. കാത്തുനിൽക്കാൻ പൊതുവെ എനിക്ക് മടിയാണ്. അതിനാൽ തന്നെ യാത്ര തുടർന്നു. ഇനി ഗൂഗിൾ മാപ്പാണ് വഴികാട്ടി. ബൈക്ക് റൂട്ട് ആണ് സെറ്റ് ചെയ്തിരിക്കുന്നത്. വിശാലമായ റോഡിനേക്കാളും എനിക്ക് കൂടുതൽ ഇഷ്ടം ഇടുങ്ങിയ വിജനമായ പാതകളിലൂടെയുള്ള യാത്രയാണ്. കുറച്ചുദൂരം ഓടിയപ്പോൾ തന്നെ മെയിൻ റോഡ് വിട്ട് വിജനമായ എളുപ്പവഴികൾ ഗൂഗിൾ മാപ്പ് കാട്ടിത്തുടങ്ങി. ഒരു മടിയും വിചാരിക്കാതെ ഞാനും ആ വഴി പിന്തുടർന്നു ഇരുട്ട് വീണു തുടങ്ങിയ വിജനമായ ചില കാട്ടുപാതകളെ അനുസ്മരിപ്പിക്കും വിധമുള്ള പാതകളിലൂടെ ഏലത്തിന്റെ ഗന്ധവും ആസ്വദിച്ചു യാത്ര തുടർന്നുകൊണ്ടേ ഇരുന്നു. ഏലത്തിന്റെ മണമുള്ള തണുത്ത കാറ്റ് എനിക്ക് കൂടുതൽ ഉന്മേഷം നൽകുന്നുണ്ട്. ഇടക്കൊക്കെ വലിയ റോഡുകൾ മാറി ഇതുപോലെയുള്ള ഇടുങ്ങിയ വഴികൾ മാപ്പ് നല്കിക്കൊണ്ടേ ഇരുന്നു.
നേരം ഇരുണ്ടു കാഴ്ചകളുടെ ഭംഗി അവസാനിച്ചു. ഇനിയുള്ളത് വണ്ടിയുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ മാത്രം ഒതുങ്ങുന്ന കാഴ്ചകളാണ്. തണുത്ത അന്തരീക്ഷവും ഏലത്തിന്റെ ഉൾപ്പടെയുള്ള ചില സുഗന്ധങ്ങളും എന്റെ മുന്പോട്ടുള്ള യാത്രയുടെ ആസ്വാദനത്തിന് കുറവുണ്ടാക്കാതെ നോക്കി. പൂപ്പാറ എത്തുമ്പോൾ സമയം എട്ട് മണിയോട് അടുത്തിരുന്നു, ഇനി മൂന്നാർ കുമളി ഹൈവേയിലൂടെ ആണ് യാത്ര. അവിടെ നിന്നും ചിന്നക്കനാൽ പവർ ഹൌസ് ബസ് സ്റ്റോപ്പ് വരെ ഈ നല്ല വീതിയുള്ള മനോഹരമായി ടാർ ചെയ്തിരിക്കുന്ന ഇരുവശവും തേയില തോട്ടങ്ങളും ഒക്കെയുള്ള ഈ റോഡിലൂടെയാണ് യാത്ര. ചിന്നക്കനാൽ പവർ ഹൌസ് ബസ് സ്റ്റോപ്പ് കഴിയുമ്പോൾ തന്നെ സൂര്യനെല്ലിക്കും കൊളുക്കുമലക്കും വലത്തോട്ട് തിരിയണം എന്ന ബോർഡ് കണ്ടു. വലത്തേക്ക് തിരിഞ്ഞു ചിന്നക്കനാൽ സൂര്യനെല്ലി റോഡിലൂടെ യാത്ര തുടർന്നു. ഇടയിൽ വെട്ടം കണ്ട എവിടെയോ നിർത്തി റിസോർട്ടിലേക്ക് ഉള്ള മാപ്പ് സെറ്റ് ചെയ്തു. എനിക്ക് എതിരെ വരുന്ന വാഹനങ്ങളിൽ അധികവും ജീപ്പ് തന്നെ ആണ്. കുറച്ചുദൂരം പിന്നിട്ടപ്പോളെക്കും ഒരു ചെറിയ ടൗണിനു അപ്പുറം ഒരു തേയിലത്തോട്ടത്തിനു ഉള്ളിലേക്ക് മാപ്പ് വഴി കാട്ടി. തേയിലത്തോട്ടത്തിനു നടുവിലൂടെ അല്പദൂരം ഉള്ളിലേക്ക് ചെറിയ കയറ്റം കയറി എത്തുമ്പോളേ മുകളിലായി കാണാം ഒരു ഇരുട്ടിനു ഉള്ളിലായി സ്വർണ്ണ നിറത്തിൽ തിളങ്ങി നിൽക്കുന്ന മൂന്നാർ വില്ല റിസോർട്ട്. ബൈക്ക് ഓടിച്ചു മുകളിലെത്തിയപ്പോളേക്കും ഒരാൾ ഓടിയെത്തി ഒരു തൃശൂർകാരൻ, ഞങ്ങളെകാത്ത് നിൽക്കുകയായിരുന്നു. ഒരാൾ മാത്രമായി എത്തിയ എന്നെക്കണ്ട് മനസ്സിലായിരുന്നില്ല. 6 പേർക്ക് ബുക്ക് ചെയ്തിരിക്കുന്ന കോട്ടജിനായി ഒരാൾ മാത്രം എത്തും എന്ന് കരുതിയിരിക്കില്ല. റൂം ബുക്ക് ചെയ്ത ഡീറ്റെയിൽസ് നൽകി താക്കോൽ വാങ്ങി ഞങ്ങൾക്കായി ഇന്ന് തയ്യാറായി നിൽക്കുന്ന വുഡൻ കോട്ടജിലേക്ക് ഞാൻ നടന്നു.
മനോഹരമായ ഒരു കോട്ടജ്, നല്ല വൃത്തിയും ഭംഗിയും ഉണ്ട്. ബാത്രൂം അറ്റാച്ചഡ് ആയ രണ്ടു മുറികളും, ഹാളും ചെറിയ വരാന്തയും ചേർന്നതാണ് ഈ കോട്ടജ്. ഭിത്തികളിൽ ആകെ മുള പോലെ തോന്നിക്കുന്ന മരത്തടികൾ വിരിച്ചിരിക്കുന്നു. നല്ല തണുത്ത അന്തരീക്ഷം. വരാന്തയിൽ നിന്നാൽ അങ്ങ് താഴെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഇവിടേക്കെത്തുന്ന വഴി കാണാൻ സാധിക്കും. റൈഡിങ് ഗിയേർസ് എല്ലാം ഊരി മുറിയിൽ ഒരിടത്ത് ഒതുക്കി വച്ച് ബൈക്കിൽ നിന്നും ലഗേജ് എടുക്കുവാൻ താഴെ എത്തിയപ്പോൾ ഒരു ഫാമിലി നിൽപ്പുണ്ടായിരുന്നു. അവരിലൊരാൾ എന്നോട് കുശലാന്വേഷണം നടത്തി, കോട്ടയത്ത് നിന്നും എത്തിയവർ ആണ്. യാത്ര കഴിഞ്ഞതിന്റെ ചെറിയ ക്ഷീണം ഉണ്ടായിരുന്നതിനാൽ അല്പസമയത്തിനു ശേഷം വർത്തമാനം അവസാനിപ്പിച്ചു ഞാൻ ലഗേജുമായി മുറിയിലെത്തി. ചെറുചൂടുവെള്ളത്തിൽ ഒന്ന് കുളിച്ചു ഉന്മേഷം തിരിച്ചുപിടിച്ചു. അപ്പോളേക്കും വിശക്കുവാൻ തുടങ്ങിയിരുന്നു. റിസപ്‌ഷൻ ലക്ഷ്യമാക്കി നടന്നു. നാളെ ഞങ്ങൾക്കായി ജീപ്പ് വരുന്നതിനെക്കുറിച്ചുകൂടി തിരക്കാനുണ്ടായിരുന്നു. റിസപ്‌ഷനിൽ ഒരു തമിഴ് അണ്ണൻ ആയിരുന്നു ഉണ്ടായിരുന്നത്. മലയാളം നന്നായി സംസാരിക്കും. 6 പേർക്കുള്ള ഭക്ഷണം റൂമിൽ ഉടനെ എത്തിച്ചേക്കാം എന്ന് പറഞ്ഞു. കൂടാതെ നാളെ വെളുപ്പിനെ 4:30 ആകുമ്പോൾ ജീപ്പ് ഇവിടെ എത്തുമെന്നും ലേറ്റ് ആകാതെ ഒരുങ്ങി നിൽക്കണമെന്നും അറിയിച്ചു. ഇന്നുവരെ വെളുപ്പിനെ 6 മണി പോലും കാണാത്ത ജെംസനെ ഓർത്തപ്പോൾ ഞാൻ മനസ്സിൽ അറിയാതെ ചിരിച്ചു. റൂമിലെത്തി ഭക്ഷണത്തിനായി കാത്തിരിപ്പ് തുടങ്ങി, പറഞ്ഞത് പോലെ തന്നെ 15 മിനിറ്റ് ആയപ്പോൾ ആറു പേർക്കുള്ള ഭക്ഷണം ടേബിളിൽ എത്തി. അവരെ കാത്തിരിക്കാൻ ഒന്നും ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ തനിച്ചിരുന്ന് ചൂടുള്ള ആ ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞു വരാന്തയിലെ കസേരയിൽ താഴത്തെ കാഴ്ചകൾ ആസ്വദിച്ചു അവർക്കായി കാത്തിരുന്നു നേരം 10 മണിയോട് അടുക്കുന്നു ദൂരെ നിന്നും ഒരു കൂട്ടം ബുള്ളറ്റുകളുടെ സ്വരം കേട്ടുതുടങ്ങി….[തുടരും…]
Written by: Jobin Ovelil
Tags: idukki, kerala, suryanelli, tamilnadu,
യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വഴികാട്ടിയാവുക. യാത്രകൾ മനോഹരവും ആയാസരഹിതവും ആക്കുക.